വി.എസ്, വി.എസ്, വി എസ്...
എവിടെ നോക്കിയാലും വി.എസ്... ശത്രുവും മിത്രവും ഒരേസ്വരത്തിൽ ഒച്ചയിടുന്നു വി.എസ്... പണ്ട്, മത്തി മത്തി മത്ത്യേയ് എന്ന് തലയിലൊരു കൊട്ടയും വെച്ച് വീട്ട് മുറ്റത്ത് നിത്യേന വന്നിരുന്ന മീൻ കാരൻ [മത്തിക്കാരൻ] സൈതാലിയോട് ഇവിടെ മത്തി മാത്രേ കിട്ടുള്ളൂ എന്ന് ചോദിച്ച പോലെ, ഇവിടെ വി.എസ് മാത്രേ ഉള്ളൂ...? എന്ന് ചോദിക്കേണ്ടി വരികയാണ്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ, എല്ലാവരും പയുന്ന പോലെ ഔദ്യോഗിക വിഭാഗം വെട്ടി നിരത്തിയ വി.എസ് എന്ന പടനായകന്റെ സീറ്റ് നിഷേധം മാത്രമേ ഇവിടെ ചർച്ചകളിലുള്ളൂ.. വളരെ മന്ദകതിയിലായിരുന്ന സ്റ്റോക്ക് മാർക്കറ്റ് ചെറിയൊരു ഇടവേളയിൽ തിരിച്ച് ലാഭമുണ്ടാക്കിയ പോലെ ചാനലായ ചാനലൊക്കെ വി.എസ്സിന്റെ 'വെട്ടിനിരത്തൽ' ഒരു ആഘോഷമാക്കി ഏറ്റെടുത്തിരിക്കുന്നു. 2006 ആവർത്തിക്കുമോ? കേരളം ഉറ്റ് നോക്കുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവെന്ന നിലയിൽ സഖാവ് വി.എസ്സ് അച്ഛുതാനന്ദൻ ഒരേ സമയം സാധാരണക്കാരന്റെ ആശ്വാസവും ആകാംക്ഷയും ആവുകയാണ്. 5 വർഷം മുൻപ് തികച്ചും നാടകീയമായി അധികാരത്തിന്റെ രുചിയറിഞ്ഞ സഖാവിന് തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ഇനിയും ഒരു അഞ്ച് വർഷം കൂടി വേണ്ടിയിരിക്കുന്നു. അത്രക്ക് കടുത്തതാണ് പ്രശ്നങ്ങൾ.. ലാവലിനും, പാമോയിലും, ഐസ്ക്രീമും ഒക്കെ അജണ്ടയിൽ ഭദ്രമായിരിക്കുമ്പോൾ തന്നെ വിസ്മൃതിയിലായ കിളിരൂരും കേസ് പട്ടികയിലുണ്ട്.
പക്ഷേ, 2006 ആവർത്തിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കുക തന്നെ വേണം. അന്ന് വി.എസ്സ് ഇടഞ്ഞ് തന്നെയായിരുന്നെങ്കിൽ മൌനാനുവാദത്തോടെയാണ് ഇന്ന് വി.എസ്സ് പടിയിറങ്ങുന്നത് . എന്നാലും, ഇങ്ങനെ ഒരു നാടകത്തിന്റെ ആവശ്യമുണ്ടായിരുന്നോ ? 5 വർഷം പരിമിതിക്കുള്ളിൽ നിന്ന് പട നയിച്ച വി എസ്സിന്റെ സ്ഥാനാർത്ഥിത്വം പാർട്ടി കമ്മിറ്റി തീരുമാനിക്കുന്നതിനു മുൻപേ തന്നെ സഖാവ് തിരിച്ചറിയണമായിരുന്നു. ഈ വെട്ടി നിരത്തൽ മുൻകൂട്ടി കണ്ട് മാന്യമായി പടിയിറങ്ങണമായിരുന്നു. അത് പക്ഷേ, സംസ്ഥാന കമ്മിറ്റി തീരുമാനം വരുന്നതിന് തലേന്ന് വരേ സ്ഥാനാർത്ഥിക്കുപ്പായം തയ്ച്ച് വെച്ചാവുമ്പോൾ ഒരു അവഹേളിതന്റെ മുഖച്ഛായയുണ്ട്. അത്, വി.എസ്സ് ചോദിച്ച് വാങ്ങിയതാണെങ്കിൽ പോലും...
പക്ഷേ, എന്തിനാണ് വി.എസ്സിനെ അകറ്റി നിർത്തുന്നത്? ഇന്ന് കേരള രാഷ്ട്രീയത്തിൽ സാധാരണക്കാരന്റെ പ്രതീക്ഷയായ ഒരേയൊരു നേതാവ് സഖാവ് വി.എസ്സ് ആണന്നതിൽ എതിരാളികൾ പോലും അസൂയയോടെ നോക്കിക്കാണുന്ന വി.എസ്സിനെ വെട്ടി നിരത്തുന്നത് ചരിത്രപരമായ വൻ വിഢിത്തം ആയിരിക്കുമെന്ന് നാളെ പാർട്ടി സെക്രട്രറിയേറ്റ് പ്രസ്ഥാവന ഇറക്കിയാൽ അത്ഭുതപ്പെടേണ്ടി വരില്ല. പാർട്ടിയോളമോ, പാർട്ടിക്ക് മീതെയോ ഒരു നേതാവും വളരണ്ട എന്ന് നാഴികക്ക് നാല്പത് വട്ടം ഉരുവിടുന്ന നേതാക്കന്മാർ എന്ത് കൊണ്ട് അവർക്കങ്ങനെ വളരാൻ കഴിയുന്നില്ലന്ന് ആലോചിക്കാത്തത്. വി.എസ്സ് കാശ് കൊടുത്ത് അണികളെ ഒരുക്കി നിർത്തിയതാണെന്നാണോ? കോർപ്പറേറ്റ് മുതലാളിമാരുടെ ചട്ടുകമാവുന്നതിന് പകരം സാധാരണക്കാരന്റെ പ്രശ്നങ്ങളിലേക്ക് എപ്പോഴെങ്കിലുമൊക്കെ ശ്രദ്ധയൂന്നിയത് കൊണ്ടാണ് സഖാവ് വി.എസ്സ് അവർ ഭയപ്പെടുന്നത് പോലെ വളർന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഒരു പക്ഷേ വി.എസ്സ് മുതലെടുത്തിട്ടുണ്ടാവാം. അത് വി.എസ്സിന്റെ വിജയം.. അല്ലങ്കിൽ, സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ വി.എസ്സിന്റെ പാർട്ടിയിൽ ഇനിയും അണികൾ ഉണ്ടാവനം എന്ന അത്യാഗ്രഹം.
ഈ ഗവണ്മെന്റിന്റെ ക്ലൈമാക്സിൽ നല്ലൊരു പ്രതിച്ഛായ ഉണ്ടാക്കിക്കൊണ്ടും ജനങ്ങളിൽ പ്രതീക്ഷകൾ കൂടുകയും ചെയ്ത ഈ അവസരത്തിൽ വി.എസ്സിനെ ഒഴിവാക്കുന്നത് തീർത്തും ഗൂഢമായ ഒരു ലക്ഷ്യത്തോടെ തന്നെയാണെന്നതിൽ തർക്കമില്ല. ഇനിയും പുറത്ത് വരാനുള്ള ഒരുപാടു അഴിമതിക്കഥകളെ ഈ വെട്ടിനിരത്തൽ വലിയൊരു അളവോളം ബാധിക്കും എന്നതിലും ഒരു തർക്കവും ഉണ്ടാവില്ല.
പിൻകുറി: പെൺകേസിൽ കുറ്റക്കാരനാണെന്ന് പാർട്ടി കണ്ടെത്തിയ പി.ശശിയെ പിടിച്ചിരുത്തി പരിപ്പുവടയും കട്ടൻ ചായയും കൊടുത്ത നേതാക്കന്മാർ പെൺവാണിഭക്കാരുടെ പേടി സ്വപ്നമായ [ചുമ്മാ] സഖാവ് വി.എസ്സിനെ വെട്ടിനിരത്തിയതിൽ കുഞ്ഞാലിക്കുട്ടിയടക്കമുള്ള പെൺവാണിഭ ലോബിക്കു പങ്കുണ്ടോ? അതോ പി. ശശി കരുതിയ പോലെ , പാർട്ടിയിലെ പെണ്ണുങ്ങൾ പാർട്ടിയുടെ ‘പൊതു സ്വത്താ’ണെന്ന് കരുതുന്നത് കൊണ്ടോ?
[ചിത്രത്തിനോട് കടപ്പാട് ഗൂഗിൾ..]