Monday, April 13, 2009

എന്റെ വോട്ട്

പ്രവാസിയായ എനിക്ക് വോട്ടില്ല.
ഇനി ഉണ്ടായാലും 1570 റിയാൽ മുടക്കി നാട്ടിൽ ചെന്ന് വോട്ട് ചെയ്യാൻ മാത്രം എന്നെ ത്രസിപ്പിക്കുന്ന ഒരു സ്ഥാനാർത്ഥിയും ഇല്ല. പിന്നെ എന്റെ വോട്ടിനെ കുറിച്ച് പറയാൻ എനിക്കെന്തധികാരം എന്ന് ചിന്തിക്കുന്നുണ്ടാകും. ഏപ്രിൽ 16 എന്ന ദിവസത്തിന്റെ ചൂടിലേക്ക് ഇന്ത്യൻ ജനത സ്വയം പാകപ്പെടുത്തുമ്പോൾ 104 കോടിയിലധികം വരുന്ന ജനതയുടെ വിധി നിർണ്ണയിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ലങ്കിലും എനിക്കും ചിലതൊക്കെ ചെയ്യാനുണ്ട്. വിരലിൽ മഷിപടരാതെ വോട്ട് ചെയ്യാൻ ഞാനും സന്നദ്ധനായിരിക്കുന്നു. എന്റെ ഒരു വാക്കിനായി ഒരു വോട്ട് ബാങ്ക് കാത്തിരിക്കുന്നു. ഹരിത ഭംഗിയുള്ള എന്റെ നാട്ടിൽ വിധി നിർണ്ണയത്തിന് ആർക്ക് ബട്ടൺ അമർത്തണമെന്ന് [ഒരു കന്നിവോട്ട് മാത്രം ചെയ്ത എനിക്ക് വോട്ടിംഗ് യന്ത്രത്തെ പരിചയമില്ല. ബട്ടൺ അമർത്തുക തന്നെയാകും അല്ലേ?] എന്റെ തീരുമാനത്തിന് വിടുന്നു എന്ന വിളി നാട്ടിൽ നിന്ന് വന്നപ്പോൾ ഒരു പ്രവാസിയായതിൽ എനിക്കഭിമാനം തോന്നി. പ്രവാസിക്ക് വോട്ടില്ലങ്കിലെന്താ പ്രവാസിയുടെ വാക്കിലൂടെ മറിയുന്ന വോട്ട്ബാങ്ക് മതിയില്ലേ. പുതിയ മണ്ഡല വിഭജനത്തിലൂടെ പൊന്നാനിയിൽ നിന്നും മലപ്പുറത്തെത്തിയ എന്റെ വോട്ടുകൾ പക്ഷേ ആർക്ക്?

പതിറ്റാണ്ടുകളോളം ഒരു സമൂഹത്തെ പ്രധിനിധീകരിക്കുകയും ഇന്നും ആ സമൂഹത്തിന്റെ എങ്ങുമെത്താത്ത ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്ന മുസ്ലിം ലീഗിനോ? വർഗ്ഗിയതക്കെതിരെ ആവോളം പ്രസംഗിക്കുന്ന ലീഗിന്റെ ന്യൂനപക്ഷ വർഗ്ഗീയ ശക്തികളായ എൻ.ഡി.എഫുമായുള്ള കൂട്ടുകെട്ടിന് എന്ത് ന്യായീകരണമാണുള്ളത്? ഞാൻ ഉൾപ്പെടുന്ന സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുൾമുനയിൽ നിർത്തി വർഗ്ഗീയതയുടെ വിഷവിത്തുകൾ മുളച്ചപ്പോഴൊക്കെ എന്റെ മനസ്സിനെ കരയിച്ച വർഗ്ഗീയശക്തികൾക്ക് എന്റെ വോട്ടുകൾ നൽകാൻ മനസ്സാക്തി സമ്മതിക്കുമോ?

മതം മനസ്സിനെ മയക്കുന്ന കറുപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയും സ്ഥാനമാനങ്ങൾക്കായി മത സംഘടനകളുടേയും, മത പുരോഹിതരുടേയും വാതിൽ പടികളിൽ കാത്ത് കെട്ടിക്കിടക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാർക്ക് നൽകണോ? ഇന്ത്യൻ ജനസമൂഹത്തിന്റെ അനിവാര്യമായ ആവശ്യങ്ങൾ, കാതലായ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ മനപ്പൂർവ്വം മറച്ച് വെച്ച് സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിക്കുകയും അതിനെതിരെ വോട്ട് ചോദിക്കുകയും അതിന് വേണ്ടി ഐ.സി.എസ് അബ്ദുന്നാസർ മദനിയെന്ന വിഷം തുപ്പുന്ന പ്രാസംഗികനെ കൂട്ടുപിടിച്ച് ഏതറ്റം വരേയും പോകാമെന്ന് തെളിയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാർക്ക് എന്റെ വോട്ടുകൾ എങ്ങനെ നൽകും?

ഇന്ത്യയെ ഹിന്ദു രാജ്യമായി സ്വപ്നം കാണുന്ന ബി.ജെ.പിയെ എനിക്ക് വിശ്വസിക്കാമോ? ലോകത്ത് മുസ്ലിം രാജ്യങ്ങളിൽ സമാധാനമായി ജീവിക്കുന്ന മറ്റ് മതസ്ഥരെ പോലെ ഇന്ത്യയിൽ മുസ്ലിംഗൾ അടക്കമുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളെ സംരക്ഷിച്ച് കൊണ്ട് ഭരിക്കാൻ ബി.ജെ.പിക്കാകുമോ? വരുൺ ഗാന്ധിയെപ്പോലെയുള്ള ഭീകരമുഖങ്ങൾ എങ്ങനെ ന്യൂനപക്ഷ സംരക്ഷണത്തിന്റെ വാക്താക്കളാകും? രണ്ട് മുന്നണിയുടേയും അവസരവാദ നയങ്ങൾക്കെതിരെ അസിഹിഷ്ണുതയോടെയെങ്കിലും എന്റെ വോട്ടുകൾ ഞാൻ ബി.ജെ.പിക്ക് നൽകിയാൽ മലപ്പുറത്തിന്റെ മണ്ണിൽ വിജയിച്ച് കയറാൻ കഴിയുമോ? വെറുതെ പാഴാക്കിക്കളയാനായി ഞാനെന്തിന് എന്റെ വോട്ടുകൾ നശിപ്പിക്കുന്നു?

ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നം തീവ്രവാദവും പട്ടിണിയും ആണെന്ന് ഞാൻ വിശ്വസിക്കുന്നു. പട്ടിണിയെ ഇല്ലായ്മ ചെയ്യാൻ സ്വാതന്ത്രം കിട്ടിയ അന്ന് മുതൽ നമ്മുടെ രാജ്യം ശ്രമിക്കുന്നു. കോടികൾ പുതിയ സംരംഭങ്ങൾക്കായി ഒരു വിലയുമില്ലാതെ വലിച്ചെറിയുമ്പോൾ ആ കോടികൾകൊണ്ട് തങ്ങളുടെ വിശപ്പടങ്ങിയില്ലന്ന വിലാപം നാം കേട്ടില്ലെന്ന് നടിക്കുന്നു. ഈ പട്ടിണി നൂറു ശതമാനം തുടച്ച് മാറ്റാൻ ഏതെങ്കിലും മുന്നണിക്ക് കഴിയുമോ?

തീവ്രവാദത്തിന് മതമില്ലന്ന് ഞാൻ വിശ്വസിക്കുന്നു. മതത്തിന്റെ പേരിൽ തീവ്രവാദികളായവർ വിഢികളുടെ സ്വർഗ്ഗത്തിലാണ്. ഈ തീവ്രവാദികളെ കൂട്ടുപിടിക്കുന്നവരാണ് മൂന്ന് മുന്നണിയും. എൻ.ഡി.എഫ് പേര് മാറ്റിയത് കൊണ്ട് അവരുടെ വിഷമിറങ്ങുമെന്ന് എനിക്ക് വിചാരമില്ല. കേർളത്തിലെ മുസ്ലിം യുവാക്കളെ തീവ്രവാദത്തിന്റെ ചേരിയിലേക്ക് വലിച്ചിഴച്ചതിൽ എൻ.ഡി.എഫിനുള്ള പങ്ക് ആർക്കും വിസ്മരിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. അബ്ദുന്നാസർ മദനിയെന്ന വ്യക്തിയെ ചുറ്റിപ്പറ്റി വരുന്ന സംശയങ്ങൾ ഒരിക്കലും സന്തോഷകരമല്ല. വർഷങ്ങളോളം കോയമ്പത്തൂർ ജയിലിൽ കഴിഞ്ഞ് നരകയാതന അനുഭവിക്കുമ്പോൾ ഞാനും ആഗ്രഹിച്ചിരുന്നു ആ മനുഷ്യന് നീതികിട്ടിയെങ്കിലെന്ന്. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും സന്തോഷിച്ചു. പക്ഷേ ഇന്ന് ദിവസേന പുറത്ത് വരുന്ന വാർത്തകൾ വീണ്ടും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ വിരോധികളുടെ ഇടപെടലുകൾ കൊണ്ട് കെട്ടിച്ചമച്ച കഥകളാണ് പുറത്ത് വരുന്നതെങ്കിൽ എന്ത് കൊണ്ട് ജനങ്ങളുടെ സംശയത്തെ ദ്രുവീകരിക്കാനെങ്കിലും ഒരു അന്വേഷണത്തിന് കേരള സർക്കാൻ മുതിരുന്നില്ല [ഒരു ഭരണകൂടം തന്നെ പോക്കറ്റിൽ കിടക്കുമ്പോൾ അതിന് ബുദ്ധിമുട്ട് ഉണ്ടാവില്ല]. സംശയങ്ങൾ തീർക്കേണ്ടത് തന്നെയാണ്. അതിന്റെ പെരിൽ മാധ്യമങ്ങളെ തെണ്ടികളെന്ന് വിളിച്ചാൽ ഒരു വിളികൊണ്ട് അത് തിരിച്ചെടുക്കാൻ കഴിയില്ല. ഈ തെണ്ടികളായ മാധ്യമങ്ങൾ തന്നെയാണ് ഇവരുടെയൊക്കെ വിഴുപ്പുകൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതെന്ന് ഓർക്കണമായിരുന്നു.

പിന്നെയാർക്ക്? വാഗ്ദാനങ്ങളുടെ പെരുമഴയായി പൊയ്തിറങ്ങുന്ന പ്രകടന പത്രികകൾ തങ്ങളുടെ കാലാവധി തീരുന്നതിന് മുമ്പ് ജയിച്ച് കയറിയ ഏതെങ്കിലും ഒരു പാർട്ടിയുള്ളതായി എന്റെ വളരെ ചെറിയ അറിവിലില്ല. ഇനി ഇപ്പോൾ ഇറക്കിയിട്ടുള്ള പത്രികകൾ നൂറുശതമാനം ആത്മാർത്ഥതയോടെ മുഴുവനായും പാലിക്കുമെന്ന് ഏതൊരു പാർട്ടിയിലും മുൻ പരിചയം വെച്ച് എനിക്ക് വിശ്വാസവും ഇല്ല.

വോട്ടില്ലാത്ത എന്നെ പ്രതിസന്ധിയിലാക്കാൻ വേണ്ടി എന്തിനാണ് എന്റെ വോട്ടുബങ്കുകൾ എന്നെ ഈ ചീഞ്ഞളിഞ്ഞ തിരഞ്ഞെടുപ്പിന്റെ കോലാഹലത്തിലേക്ക് വിളിച്ചുണർത്തിയത്? ഒരു പക്ഷേ, അവരും ആശയക്കുഴപ്പത്തിലാകും ആർക്ക് ചെയ്യണമെന്നറിയാതെ…