Monday, January 5, 2009

ബഹിഷ്കരണം സാധ്യമോ?

ഇസ്രായേ എന്ന രാഷട്രത്തിന്റെ അഹങ്കാരം ഒരു പാവം ജനതയുടെ മേൽ അടിച്ചേൽപ്പിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളുടെ പഴക്കമുണ്ട്. ചീറിവരുന്ന മിസൈലിന് നേരെ കല്ലെറിഞ്ഞ് പൊരുതി നിന്ന പലസ്തീൻ പോരാളികൾ എന്നും മനുഷ്യമനസ്സുകളെ കുളിരു കോരിയിട്ടുണ്ട്. ഒപ്പം ഒടുങ്ങാത്ത വേദനയായി എന്നും ജനത പീരങ്കിക്കും ടാങ്കറുകൾക്കും മുന്നിൽ നെഞ്ച് വിരിച്ച് നിൽക്കുമ്പോൾ ഒഴുകിയെത്തിയ കവിതാ ശീലുകളെത്ര. അവരുടെ മഹത്വം വിളിച്ചോതുന്ന, പോരാട്ട വീര്യത്തിന്റെ വാർത്തകൾക്ക് ഒരിക്കലും മാന്ദ്യം വരാതെ ഓർമ്മ വെച്ച നാൾമുതൽ പലസ്തീൻ എന്ന നോവ് പത്രത്താളുകളിൽ ഒരിക്കൽ പോലും ഇടവേളയില്ലാത്ത കാഴ്ചയാകുന്നു. ഗൾഫ് രാജ്യങ്ങളിലെ ഏക ജൂത രാഷ്ട്രമായ ഇസ്രായേലിന് ഇത്രയധികം ആധികാരികമായി എങ്ങനെ പലസ്തീന് നേരെ അക്രമം നടത്താൻ കഴിയുന്നു എന്ന് പലപ്പോഴും ചിന്തിച്ച് പോയിട്ടുണ്ട്. നിസ്സഹായരായ ഒരു ജനതയെ നിഷ്ടൂരമായി കൊലചെയ്യുന്ന രീതി ലോകം മുഴുവൻ അപലപിക്കുമ്പോഴും ഒരു കൂസലുമില്ലാതെ തങ്ങളുടെ ഹുങ്ക് കാണിക്കുന്ന ഇസ്രായേൽ എങ്ങനെയാണ് ഇത്ര ധൈര്യം സംഭരിക്കുന്നത്?

പക്ഷേ എന്റെ ചിന്തകൾ ഇതൊന്നുമല്ല. എന്റെ ഉള്ളിൽ പലസ്തീൻ എന്ന രാജ്യം, രാജ്യത്തിലെ നിരപരാധികളായ ഒരുപാട് മനുഷ്യർ എന്നും വേദനയായി തന്നെ നിലനിൽക്കുന്നു. പക്ഷേ, അക്രമങ്ങൾക്കെതിരെ, അനീതിക്കെതിരെ, ക്രൂരമായ യുദ്ധമുറകൾക്കെതിരെ, മനുഷ്യത്വ രഹിതമായ കൊലവിളിക്കെതിരെ ഒരു സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് എന്നെ ചിന്തിപ്പിക്കുന്നത്. എന്ന് പലസ്തീൻ പ്രക്ഷുബ്ദമാകുമ്പോഴും ഇമെയിൽ ഇൻബോക്സിൽ കുമിഞ്ഞ് കൂടുന്ന ഒരുപാട് പ്രതിഷേധ മെയിലുകളാണ്. ചോരവാർന്നൊലിക്കുന്ന, തോക്കിൻ മുനയിൽ ഭീതിയോടെ നോക്കി അമ്മയുടെ പർദ്ദത്തുമ്പിൽ തൂങ്ങിവലിച്ച് കരയുന്ന, ക്രൌര്യത്തോടെ തനിക്ക് നേരെ നീട്ടിയ തോക്കിൻ കുഴലിലേക്ക് ഒന്നുമറിയാതെ നോക്കി കരയുന്ന, സ്വന്തം പിതാവിനോട് നെഞ്ചോട് ചേർന്ന് വിങ്ങിക്കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം, ടാങ്കറിന് നേരെ ധീരതയോടെ കല്ലെറിയുന്ന പലസ്തീൻ യുവത്വത്തിന്റെ മുഖം, ഇസ്രായീൽ പട്ടാളക്കാരന്റെ കരാള ഹസ്തത്തിൽ പിടയുന്ന പലസ്തീനി പെൺകുട്ടികളുടെ മുഖം, റോഡുകളിൽ ചിന്നിച്ചിതറിയ സഹോദരന്റെ, മാതാപിതാക്കളുടെ, കുഞ്ഞുങ്ങളുടെ, ഭർത്താവിന്റെ, ഭാര്യയുടെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ച് ആർത്തലച്ച് കരയുന്ന പലസ്തീൻ ജനതയുടെ മുഖം, ഇതൊക്കെ ഏതൊരു കഠിന ഹൃദയന്റേയും കരളലിയിക്കും. പക്ഷേ അനീതിക്കെതിരെ എങ്ങനെ ഒരു സമൂഹം പ്രതികരിക്കുന്നു.

ഇന്നും എനിക്ക് കിട്ടി ഒരുപാട് ഇമെയിലുകൾ. ഇസ്രായിൽ ഇല്പന്നങ്ങൾ ബഹിഷ്കരിച്ച് കൊണ്ട് പ്രതിഷേദിക്കാൻആഹ്വാനം ചെയ്തിരിക്കുന്നു. ഇറാഖിലേക്ക് അമേരിക്കൻ സൈന്യം പടയോട്ടം തുടങ്ങിയപ്പോഴും അമേരിക്കയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ അഹ്വാനം ചെയ്യുന്ന മെയിലുകളും ഒരുപാട് കിട്ടി. എത്രമാത്രം പ്രായോഗികമാണിത്? ലോക വിപണികളെ കയ്യടക്കി വെച്ചിരിക്കുന്ന ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ഗൾഫ് രാജ്യങ്ങളെങ്കിലും തയ്യാറെടുക്കുമോ? നോക്കിയ മൊബൈലിന് ഏറ്റവും കൂടുതൽ വിപണിയുള്ള ഗൾഫ് മേഘലയിൽ അതിന്റെ ബഹിഷ്കരണം സത്യസന്ധമായി നടപ്പാകുമെങ്കിൽ ഈ കമ്പനി അടച്ച് പൂട്ടുകയാവും ഫലം. സീമെൻസും, മോടറോളയും നോക്കിയയെ പോലെ വലിയൊരു വിപണി ഗൾഫിൽ കണ്ടെത്തിയിട്ടില്ലങ്കിലും തീർച്ചയായും ഒഴിച്ച് കൂടാനാകാത്തതാണ്. ഇത് പോലെ ഈ മെയിലുകൾ പകുതിയിലധികമെങ്കിലും അടിച്ചുണ്ടാക്കുന്നത് ഇസ്രായേൽ പങ്കാളിത്തമുള്ള ഇന്റെൽ പ്രൊസെസ്സറുകൾ ഉള്ള കമ്പ്യൂട്ടറുകൾ വഴിയാണ്. സ്വതന്ത്ര സോഫ്റ്റുവയറുകൾ പേരിനെങ്കിലും പ്രചാരമേറി വരുന്നുണ്ടെങ്കിലും 90 ശതമാനം കമ്പ്യൂട്ടറുകളിലും ഇന്ന് ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റിന്റെ വിന്റോസ് ആണ് എന്ന് തോന്നുന്നു. ഇവയെല്ലാം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നവർക്കെങ്കിലും കഴിയുമോ എന്നതാണ് എന്റെ ചോദ്യം.

ഒരിക്കൽ മുഹമ്മദ് നബിയെ അവഹേളിച്ച് കൊണ്ട് കാർട്ടൂൺ വരച്ചത് കാരണം ഡന്മാർക്കിലെ ഉല്പന്നങ്ങളും ബഹിഷ്കരിച്ച് കൊണ്ട് മുന്നിട്ട് വന്നവർ എത്രപേർ ആത്മാർത്ഥമായി അതിനെ മുഖവിലക്കെടുത്തു. മുഹമ്മദ് നബിയെ അവഹേളിച്ച പ്രശ്നത്തിൽ എന്റെ കാഴ്ചപ്പാടിൽ അതിൽ തെറ്റ് ചെയ്തവരുടെ കൂട്ടത്തിൽ ഈ പ്രചരണം നൽകിയ മുസ്ലിം ജനതയും ഉണ്ടായിരുന്നു. കാരണം, ഡന്മാർക്കിലോ ആ പത്രത്തിന്റെ ഒരു കോളത്തിലോ ഒതുങ്ങിപ്പോകേണ്ടുന്ന ഒരു കാർട്ടൂൺ ലോകം മൊത്തം പ്രചരിപ്പിച്ചത് മുഹമ്മത് നബിയുടെ അനുയായികളായിരുന്നു എന്ന് മറക്കാൻ വയ്യ. ഒരോ മെയിൽ വഴിയും പ്രതിഷേധത്തിന്റെ രൂപത്തിലാണെങ്കിലും ആ കാർട്ടൂണുകൾ പ്രചരിപ്പിച്ചപ്പോൾ സ്വയം പരിഹാസ്യരാവുകയായിരുന്നു മുസ്ലിം ജനത.

ഇവിടെ ഫലസ്തീൻ പ്രശ്നത്തിലേക്ക് തന്നെ വരുമ്പോൾ, ബഹിഷ്കരണങ്ങൾക്ക് പകരം ക്രിയാത്മകമായൊരു കൈകടത്തൽ ഫലസ്തീന് അനുകൂലമായി എന്നുണ്ടാകും? ലോകത്തെ തന്നെ പരിഹസിക്കുന്ന ഇസ്രായേൽ ക്രൂരത എന്ന് അവസാനിക്കും? ഇതിന് ലോക രാഷട്രങ്ങൾ എന്ത് നിലപാടെടുക്കും? നാമൊക്കെ പ്രതീക്ഷയോടെ ഉറ്റ് നോക്കിയ അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഒബാമ എന്ത് നിലപാടാണ് ഫലസ്തീൻ പ്രശ്നത്തിൽ എടുക്കുക എന്ന് കാത്തിരുന്ന് കാണാം.

രക്തച്ചൊരിച്ചിലില്ലാത്ത, ദീനരോദനങ്ങൾ ഉയരാത്ത സമാധാന പൂർണ്ണമായൊരു പ്രഭാതം ഫലസ്തീനിൽ സാധ്യമാകുമോ?

-------------------------------------
ചിത്രം : ഗൂഗിളിനോട് കടപ്പാട്.

6 comments:

 1. ചോരവാർന്നൊലിക്കുന്ന, തോക്കിൻ മുനയിൽ ഭീതിയോടെ നോക്കി അമ്മയുടെ പർദ്ദത്തുമ്പിൽ തൂങ്ങിവലിച്ച് കരയുന്ന, ക്രൌര്യത്തോടെ തനിക്ക് നേരെ നീട്ടിയ തോക്കിൻ കുഴലിലേക്ക് ഒന്നുമറിയാതെ നോക്കി കരയുന്ന, സ്വന്തം പിതാവിനോട് നെഞ്ചോട് ചേർന്ന് വിങ്ങിക്കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം, ടാങ്കറിന് നേരെ ധീരതയോടെ കല്ലെറിയുന്ന പലസ്തീൻ യുവത്വത്തിന്റെ മുഖം, ഇസ്രായീൽ പട്ടാളക്കാരന്റെ കരാള ഹസ്തത്തിൽ പിടയുന്ന പലസ്തീനി പെൺകുട്ടികളുടെ മുഖം, റോഡുകളിൽ ചിന്നിച്ചിതറിയ സഹോദരന്റെ, മാതാപിതാക്കളുടെ, കുഞ്ഞുങ്ങളുടെ, ഭർത്താവിന്റെ, ഭാര്യയുടെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ച് ആർത്തലച്ച് കരയുന്ന പലസ്തീൻ ജനതയുടെ മുഖം, ഇതൊക്കെ ഏതൊരു കഠിന ഹൃദയന്റേയും കരളലിയിക്കും. പക്ഷേ ഈ അനീതിക്കെതിരെ എങ്ങനെ ഒരു സമൂഹം പ്രതികരിക്കുന്നു.

  ReplyDelete
 2. നമുക്കു പ്രാര്‍ത്ഥിക്കാം..

  ReplyDelete
 3. പലസ്തീനിലെ ആക്രമണം വേഗം തീരട്ടെ, ഒബാമയ്ക്കെന്കിലും പ്രശ്ന പരിഹാരം സാധ്യമാകട്ടെ എന്ന് ആശിക്കുന്നു...

  ReplyDelete
 4. യുദ്ധവും ഭീകരാക്രമണങളുമെല്ലാം ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവിതം നശിപ്പിച്ച് നടമാടുമ്പോഴും ഐക്യരാഷ്ട്ര സംഘടന വെറും നോക്കുകൂത്തിയായി അമേരിക്കയുടെ നയങള്‍ക്ക് റാന്‍ മൂളുന്നതല്ലാതെ യാതൊരു നിലപാടുമെടുക്കുന്നില്ല എന്നത് തികച്ചും നിരാശാജനകമാണ്......
  1948-ല്‍ ഇസ്രായേല്‍ എന്ന രാജ്യം രൂപംകൊണ്ടപ്പോള്‍ തുടങിയ യുദ്ധം ഇന്നും തുടരുന്നു എന്നത് യു എന്‍ ന്റെ പരാജയമാണ് കാണിക്കുന്നത്......

  ReplyDelete
 5. കുന്നിനൊരു കുഴി ഇന്നല്ലങ്കില്‍ നാളെ

  ReplyDelete
 6. പ്രസക്തമായ ചില കാര്യങ്ങള്‍ താങ്കള്‍ അവതരിപ്പിച്ചിരിക്കുന്നു.

  ആശംസകള്‍

  ReplyDelete